യു.എ.ഇയുടെ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്

 
യു.എ.ഇയുടെ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്

ജിദ്ദ: യു.എ.ഇ ഏകീകരണത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്ര നേട്ടത്തിലേക്ക് നയിക്കുന്ന ഒരു സുവർണ മുഹൂർത്തത്തിനാണ്.

ആദ്യത്തെ അറബ് ബഹിരാകാശ ദൗത്യമായ യു.എ.ഇയുടെ ഹോപ്പ്  ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്നതോടെയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്.  ചൊവ്വാഴ്ചയോടെ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുമെന്നാണ് കരുതുന്നത്. ഈ മാസം ചൊവ്വയിൽ എത്തുന്ന മൂന്ന് ബഹിരാകാശ പേടകങ്ങളിൽ ആദ്യത്തേതാണ് ഇത്.

ഭൂമിയും ചൊവ്വയും തമ്മിൽ ഏറ്റവും അടുത്തെത്തുന്ന ഘട്ടത്തെ ലക്ഷ്യം വച്ചാണ് യു.എ.ഇ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞ ജൂലായിൽ ചൊവ്വയിലേക്ക് പേടകത്തെ വിക്ഷേപിച്ചത്. ഈ പേടകത്തിൽ യു.എ.ഇയുടെതാണ് ആദ്യം എത്തുന്നത്. ഈ വിക്ഷേപണം വിജയകരമായി പൂർത്തിയായാൽ യു.എ.ഇ ചൊവ്വയിൽ എത്തുന്ന അഞ്ചാമത്തെ രാജ്യമായി മാറും.

യു.എ.ഇക്ക് പിന്നാലെ ചൈനയുടെ പേടകവും ചൊവ്വയിൽ എത്തുന്നതോടെ ചൈന ആറാം സ്ഥാനത്തെത്തും. യു.എസ്, ഇന്ത്യ, റഷ്യ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവർ മാത്രമാണ് മുൻകാലങ്ങളിൽ വിജയകരമായി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയവർ‌.

From around the web