ഐക്യൂവിന്റെ 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഐക്യൂവിന്റെ 5ജി സ്മാർട്ഫോണായ ഐക്യൂ 3 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ 5ജി സ്മാർട്ഫോൺ ആണ് ഐക്യു 3. ഐക്യു ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്മാർട്ഫോൺ ആണിത്.
തിങ്കളാഴ്ച റിയൽമിയുടെ എക്സ്50 പ്രോ 5ജിയും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, ലിക്വിഡ് കൂളിങ് ടെക്നോളജി, ശക്തിയേറിയ എൽപിഡിഡിആർ5 റാം എന്നിവയും ഫോണിന്റെ സവിശേഷതയാണ്. ഗെയിമർമാരെ ലക്ഷ്യമിട്ടുള്ള സോഫ്റ്റ് വെയർ സംവിധാനങ്ങളാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. അതിവേഗ ചാർജിങ് സൗകര്യവും ഫോണിനുണ്ട്. 15 മിനിറ്റിൽ മുഴുവൻ ചാർജ് ചെയ്യാൻ സാധിക്കുന്ന 4440 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്.
ഐക്യൂ 3 5ജി സ്മാർട്‌ഫോണിന് 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇൻ സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്ക് വലത് ഭാഗത്ത് മുകളിലായി പഞ്ച് ഹോൾ നൽകിയാണ് 16എംപി സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വിവോയുടെ ഉപബ്രാന്റാണ് ഐക്യു. 5ജി ഫോൺ ആണെങ്കിലും ഇന്ത്യൻ വിപണിയിൽ ഇനിയും 5ജി നെറ്റ് വർക്ക് എത്തിയിട്ടില്ല. മൂന്ന് പതിപ്പുകളാണ് ഐക്യൂ 3യ്ക്കുള്ളത്. മാർച്ച് നാലിന് ഫോണിന്റെ വിൽപനയാരംഭിക്കും. ഫ്‌ളിപ്കാർട്ടിലും, ഐക്യൂ.കോം എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഫോൺ വാങ്ങാം.