എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലക്കുവേണ്ടി തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട സ്ഥലം

എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലക്കുവേണ്ടി തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിലെ വിളപ്പിൽ വില്ലേജിൽ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിച്ചു വരികയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഇതു സംബന്ധിച്ച് ഐ ബി സതീഷ് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് എക്സ്പർട്ട് ഗ്രൂപ്പിൻ്റെ ശിപാർശ ശരി വെച്ച് പൊന്നുംവില നടപടികൾ തുടരുന്നതിനു ഉത്തരവിറക്കി. ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വിലയും അംഗീകരിച്ചിട്ടുണ്ട്.
ഭൂവുടമകൾക്ക് പൊന്നുംവില നൽകുന്നതിലേക്കായി ഏകദേശം 350 കോടിയിൽപരം രൂപ ആവശ്യമാണ്. 106.91 കോടി രൂപ മാത്രമേ സർവ്വകലാശാലാ അധികൃതർ നൽകിയിട്ടുള്ളു. തുക പൂർണമായി ലഭ്യമാകുന്ന മുറയ്ക്ക് സർവ്വകലാശാലയ്ക്കു വേണ്ടിയുള്ള 39.1996 ഹെക്ടർ ഭൂമി, ആറു മാസത്തി നകം ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.