കോവിഡ് 19 മൊബൈൽ ഫോണിലൂടെ പകരുമോ?; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രോഗത്തെ ചെറുക്കുന്നതിനുള്ള മുന്കരുതലുകള് സ്വീകരിക്കുകയാണ് എല്ലാവരും. രോഗം പകരുന്നതിനുള്ള സാഹചര്യങ്ങളും അവയെ എങ്ങനെ തടയാമെന്നുമെല്ലാം ആരോഗ്യ വകുപ്പ് നിര്ദേശങ്ങള് പുറത്തിറക്കിയിട്ടുണ്ട്.
ഇതിനിടെ പലരുടെയും സംശയമാണ് കൊറോണ വൈറസ് മൊബൈല് സ്ക്രീനിലും മറ്റും പറ്റിപ്പിടിച്ച് പകരുവാനുള്ള സാധ്യതകള് ഇല്ലേ എന്നത്. തീര്ച്ചയായും അതിനുള്ള സാധ്യതകള് തള്ളിക്കളയാന് ആകില്ല. കാരണം നമ്മള് പലയിടത്തും സ്പര്ശിച്ച കൈകള് കൊണ്ട് മൊബൈല് ഫോണ് ഉപയോഗിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും ടോയ്ലറ്റില് പോകുമ്പോഴും ഉറങ്ങുമ്പോഴും മൊബൈല് ഫോണ് ഒപ്പമുണ്ടാകും. അതിനാല് തന്നെ രോഗാണുക്കളുടെ കേന്ദ്രമായി മാറാന്‍ ഇടയുള്ള ഒന്നാണ് നമ്മുടെ മൊബൈല്‍ ഫോണുകള്‍.
ഫോണില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്ക് തെറിക്കുന്ന ഉമിനീരിലൂടെ വൈറസ് ഫോണിലേക്ക് എത്താനും അത് പിന്നീട് മറ്റുള്ളവരിലേക്ക് വ്യാപിക്കാനും ഇടയുണ്ട്. കൈകള്‍ എത്ര വൃത്തിയായി കഴുകിയാലും ഹാന്‍ഡ് സാനിറ്റൈസറൊക്കെ ഇടയ്ക്കിടെ ഉപയോഗിച്ചാലും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാത്തിടത്തോളം കാലം പൂര്‍ണമായ സുരക്ഷിതത്വം ലഭിക്കില്ലല്ലോ. കൊറോണയൊക്കെ വരുന്നതിനും മുന്‍പേ ഈ വിഷയങ്ങള്‍ ചര്‍ച്ചയായതും പല തരത്തിലുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്.
1. ആപ്പിള്‍ പറയുന്നത് അവരുടെ ഐഫോണില്‍ 70 ശതമാനം വീര്യമുള്ള ഐസോ പ്രൊപ്പൈല്‍ ആള്‍ക്കഹോളോ ക്ലോറോക്‌സ് കമ്പനി പുറത്തിറക്കുന്ന ക്ലീനിംഗ് വൈപ്‌സോ ഉപയോഗിക്കാം എന്നാണ്. അതും വളരെ മൃദുവായി മാത്രം.
2. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ സാധാരണ സോപ്പോ ക്ലീനിംഗ് വൈപ്‌സോ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു
3. മറ്റ് പ്രധാന ബ്രാന്‍ഡുകളൊന്നും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഗൈഡ്ലൈന്‍സ് ഇറക്കിയിട്ടില്ലാത്തതിനാല്‍ മേല്‍പറഞ്ഞതുപോലെയുള്ള ക്ലീനിംഗ് വൈപ്പുകളും 70 ശതമാനം വീര്യമുള്ള ഐസോ പ്രൊപ്പൈല്‍ ആള്‍ക്കഹോളും ഉപയോഗിക്കാവുന്നതാണ്.
4. ഏത് സാഹചര്യത്തിലും ക്ലീനിംഗ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം നടത്തുക. ഫോണിന്റെ ബോഡിയിലേക്ക് ഒന്നും നേരിട്ട് സ്‌പ്രേ ചെയ്യാതിരിക്കുക.
5. വൃത്തിയാക്കാനായി മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പോറലുകള്‍ വരാതിരിക്കാന്‍ അത് സഹായിക്കും.
6. സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ നിര്‍മാതാക്കളുടെ നിബന്ധനകള്‍ക്ക് അപ്പുറമായും മറ്റ് ലഭ്യമായ ക്ലീനിംഗ് വൈപ്പുകളും മറ്റും ഉപയോഗിക്കാവുന്നതാണ്.
7. ബാക് കവര്‍ ഉപയോഗിക്കുന്നതും അത് പ്രത്യേകമായി ഇടയ്ക്ക് നീക്കം ചെയ്ത് അണുവിമുക്തമാക്കുന്നതും കൂടുതല്‍ സൗകര്യപ്രദവുമാണ് ഫലപ്രദവുമാണ്.
8. ഇപ്പോള്‍ വളരെ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ഫോണ്‍ അണുവിമുക്തമാക്കല്‍. PhoneSoap പോലെയുള്ള ചില കമ്പനികള്‍ ഇവ പുറത്തിറങ്ങുന്നുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള അള്‍ട്രാ വയലറ്റ് രശ്‌നികള്‍ പുറപ്പെടുവിക്കുന്ന പോര്‍ട്ടബിള്‍ കേസുകളില്‍ ഫോണുകള്‍ നിശ്ചിത സമയം വച്ചാല്‍ അവ അണുവിമുക്തമാക്കാവുന്നതാണ്. വില അല്‍പം കൂടുതല്‍ ആയതിനാല്‍ ഇവയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചിരുന്നില്ല എങ്കിലും കൊറോണ വന്നതോടെ സ്ഥിതി മാറി.
9. ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകണം. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചും കൈകള്‍ വൃത്തിയാക്കാം. കൈകളില്‍ നിന്നും ഫോണിലേക്ക് രോഗാണുക്കള്‍ എത്തുന്നത് ഒരു പരിധി വരെ തടയാന്‍ ഇത് സഹായിക്കും.
10. ഫോണില്‍ സംസാരിക്കുമ്പോള്‍ ഇയര്‍ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക. ഇതുവഴി ഫോണിലേക്ക് ഉമിനീര്‍ വീഴാതെ ശ്രദ്ധിക്കാനാകും.