മിത്രോം ആപ്പ് വീണ്ടും പ്ലേ സ്റ്റോറില്‍

ടിക് ടോകിന്റെ ഇന്ത്യന്‍ പതിപ്പ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട മിത്രോം ആപ്പ് വീണ്ടും പ്ലേ സ്റ്റോറില്‍. ജൂണ്‍ രണ്ടിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പിന്‍വലിച്ച ആപ്ലിക്കേഷന്‍ മാറ്റങ്ങള്‍ സഹിതമാണ് വീണ്ടും പ്ലേസ്റ്റോറിലെത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ പ്രശസ്തിയാര്‍ജിച്ച മൊബൈല്‍ ആപ്ലിക്കേഷനുകളാണ് മിത്രോം, റിമൂവ് ചൈന ആപ്പ്‌സ് എന്നിവ. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ രൂപപ്പെട്ട ചൈന വിരുദ്ധ വികാരമാണ് ഈ ആപ്ലിക്കേഷനുകള്‍ക്ക് ഗുണമായത്.
കഴിഞ്ഞ ദിവസമാണ് മിത്രോം ആപ്ലിക്കേഷനും റിമൂവ് ചൈന ആപ്പും പിന്‍വലിച്ചതിന്റെ കാരണം ഗൂഗിള്‍ ഇന്ത്യ വ്യക്തമാക്കിയത്. നിരവധി സാങ്കേതിക നയ ലംഘനങ്ങള തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതെന്ന് ഗൂഗിള്‍ പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകളെ പ്രവര്‍ത്തനരഹിതമാക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ അനുവദിക്കില്ലെന്നും ഗൂഗിള്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സുരക്ഷിതവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനും ഡെവലപ്പര്‍മാര്‍ക്ക് സുസ്ഥിര ബിസിനസുകള്‍ കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ പ്ലാറ്റ്‌ഫോമും ഉപകരണങ്ങളും നല്‍കുന്നതിനായാണ് തങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.
മിത്രോ ആപ്ലിക്കേഷന്റെ ഡെവലപര്‍മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഗൂഗിള്‍ ഇന്ത്യ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിച്ചതിന് പിന്നാലെയാണ് മിത്രോം ആപ് വീണ്ടും സജീവമായിരിക്കുന്നത്. ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത ഡെവലപ്പര്‍മാരുടെ വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നില്ല. ഇത് ഇപ്പോള്‍ ആപ്പിന്റെ എബൗട്ട് അസിലുണ്ട്. ജനപ്രീതിക്കൊപ്പം പാക് ബന്ധം കൂടി ഉയര്‍ന്നതോടെയാണ് മിത്രോം ആപ്പ് വലിയ തോതില്‍ ശ്രദ്ധേയമായത്.
ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പകരമായാണ് മിത്രോം ആപ്പ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ പാകിസ്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ക്യൂബോക്‌സസ് ടിക് ടോക്കിനെ പകര്‍ത്തി നിര്‍മിച്ച ടിക് ടിക്ക് എന്ന ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് അതേ പടി ഉപയോഗിച്ചാണ് മിത്രോം ആപ്പ് നിര്‍മിച്ചിരിക്കുന്നത് എന്ന് ക്യൂബോക്‌സസ് മേധാവി വെളിപ്പെടുത്തി. ഇത് ഇന്ത്യന്‍ നിര്‍മിതമല്ലെന്നും തങ്ങള്‍ വില്‍പ്പന നടത്തുന്ന സോഴ്‌സ് കോഡ് പേര് മാത്രം മാറ്റി അതേ പടി അവതരിപ്പിച്ചതാണെന്നും ക്യൂബോക്‌സസ് പറഞ്ഞു.