ചൈനീസ് ബഹിഷ്കരണ ആഹ്വാനത്തിനിടയിലും വൺ പ്ലസ് 8 പ്രോ വിറ്റു തിർന്നത് നിമിഷങ്ങൾക്കുള്ളിൽ

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനിടയിലും ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡ് ആയ വൺ പ്ലസിന്‍റെ പുതിയ സ്മാർട്ട് ഫോണായ 'വൺ പ്ലസ് 8പ്രോ' വിറ്റുതീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍. പുതിയ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ വില്‍പനയ്‌ക്കെത്തിച്ച ഫോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണില്‍ ലഭ്യമല്ലാതായി. ഫോണ്‍ ലഭിക്കാതെ വന്നതോടെ പലരും ട്വിറ്ററില്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നതിന്റെ തെളിവാണ് ഇത് എന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട നിരീക്ഷിക്കുന്നു. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.
81.86 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വണ്‍പ്ലസ്. ബിബികെ ഇലക്ട്രോണിക്‌സിന് കീഴില്‍ ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ എന്നീ നിരവധി ബ്രാന്‍ഡുകളും വലിയ മല്‍സരമാണ് ഇന്ത്യന്‍ വിപണിയില്‍ കാഴ്ച്ചവെക്കുന്നത്. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്.