ടിക് ടോക് റേറ്റിംഗ് കൂട്ടാന്‍ 80 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യു നീക്കം ചെയ്തു

 
ടിക് ടോക് റേറ്റിംഗ് കൂട്ടാന്‍ 80 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യു നീക്കം ചെയ്തു


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന് കാണിച്ച് നിരവധി ഹാഷ് ടാഗുകളാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. ഇത് നിരവധി പേര്‍ ഏറ്റെടുത്തതോടെ ടിക് ടോകിന്റെ പ്ലേ സ്റ്റോര്‍ റേറ്റിംഗ് 4.7ല്‍ നിന്നും 1.2 ലേക്കെത്തി.ഇപ്പോൾ  ടിക് ടോകിന് സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഹേറ്റ് കാമ്പയിന്റെ ഭാഗമായി ടിക് ടോകിനെതിരെ വന്ന 80 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യുകള്‍ ഗൂഗിള്‍ സഹായത്തോടെ നീക്കം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ടിക് ടോകിന്റെ പ്ലേസ്റ്റോര്‍ റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ പ്ലേ സ്റ്റോറില്‍ 20 ദശലക്ഷം റിവ്യുകളാണ് ടിക് ടോകിനുള്ളത്. ഏറ്റവും കുറഞ്ഞ 1.2 റേറ്റിംഗിലെത്തിയപ്പോള്‍ ടിക് ടോകിന് 28 ദശലക്ഷം റിവ്യുകളുണ്ടായിരുന്നു. കുറഞ്ഞത് എണ്‍പത് ലക്ഷത്തിലേറെ റിവ്യുകള്‍ പിന്നീടിങ്ങോട്ട് അപ്രത്യക്ഷമായി. ഇതിന് പിന്നാലെ ടിക് ടോകിന്റെ റേറ്റിംഗ് 4.4ലേക്ക് കുതിച്ചുയരുകയും ചെയ്തു. ടിക് ടോക് റേറ്റിംഗ് കുറക്കാന്‍ കുത്തിയിരുന്ന് പണിയെടുത്തവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

യുട്യൂബര്‍ കാരിമിനാറ്റി ഒരു യുട്യൂബ് Vs ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് നിലവിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ടിക് ടോകര്‍ അമിര്‍ സിദ്ധിക്കിയെ 'റോസ്റ്റ്' ചെയ്യുന്ന വീഡിയോ വൈകാതെ ടിക് ടോക് ഹൈറ്റേഴ്‌സ് ഏറ്റെടുത്തു. യുട്യൂബില്‍ ഈ വീഡിയോ പല റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്നതിനിടെ യുട്യൂബ് തന്നെ ഇത് പിന്‍വലിച്ചു. തങ്ങളുടെ നിയമാവലി തെറ്റിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇതിന് പിന്നാലെ തൻ്റെ വീഡിയോ പിന്‍വലിച്ചതിലെ വിഷമം പങ്കുവെച്ചും വീഡിയോ ടിക് ടോക് വിരുദ്ധര്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തും അജയ് നെഗാര്‍ മറ്റൊരു വീഡിയോ പോസ്റ്റു ചെയ്തു. ഇതും യു ട്യൂബില്‍ ഹിറ്റായി. ആറ് കോടിയോളം വ്യൂസും 81 ലക്ഷത്തിലേറെ ലൈക്കുമാണ് ഈ വീഡിയോക്ക് ഇതുവരെ ലഭിച്ചത്.
 

From around the web