നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ പകര്‍പ്പുമായി സതീഷ് ധവാന്‍ സാറ്റലൈറ്റ് ബഹിരാകാശത്തേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവദ്ഗീതയുടെ പകര്‍പ്പും 25,000 ഇന്ത്യക്കാരുടെ പേരുമായി സതീഷ് ധവാന്‍ സാറ്റലൈറ്റ് ഈ മാസം 28ന് ബഹിരാകാശത്തേക്ക് കുതിക്കും. നാനോ സാറ്റലൈറ്റായ സതീഷ് ധവാന്‍ വിക്ഷേപിക്കുന്നത് സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്ഥാപനമാണ്. സ്പേസ് റേഡിയേഷനെ കുറിച്ച് പഠിക്കാനുള്ള ഉപകരണം, മാഗ്നെറ്റോസ്ഫിയറിനെ കുറിച്ച് പഠിക്കാനുള്ള ഉപകരണം, ആശയവിനിമയ ഉപകരണം എന്നിവയും സാറ്റലൈറ്റിലുണ്ടാകും.
സ്‌പേസ്‌കിഡ്‌സ് ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണിത്. ജനങ്ങളില്‍ ആഭിമുഖ്യം വളര്‍ത്താനാണ് 25,000 പേരുകള്‍ അയക്കുന്നതെന്ന് സ്ഥാപനത്തിന്റെ സ്ഥാപകയും സി.ഇ.ഒയുമായ ഡോ. ശ്രീമതി കേശന്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ മിഷന്‍ എന്ന വാക്കിനൊപ്പമാണ് മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക് അയക്കുന്നത്. ഇത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഐ.എസ്.ആര്‍.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിസൈന്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഞായറാഴ്ച കൃത്രിമോപഗ്രഹം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചിരുന്നു.
പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക. ഇതിന്‍റെ ബോട്ടം പാനലില്‍ ഐ.എസ്.ആര്‍.ഒ അധ്യക്ഷന്‍ ഡോ.കെ. ശിവന്‍, സയന്‍റിഫിക് സെക്രട്ടറി ഡോ. ആര്‍. ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ഐ.എസ്.ആര്‍.ഒ റോക്കറ്റുകളില്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്. ഇത്തരത്തില്‍ വിക്ഷേപിക്കുന്ന രണ്ടാമത്തെ സ്വകാര്യ ഉപഗ്രഹമാണിത്.