സുരക്ഷാ ഭീഷണി ; മിത്രോം ആപ്പ് പ്ലേസ്റ്റോറില്‍നിന്നു നീക്കം ചെയ്തു

 
സുരക്ഷാ ഭീഷണി ; മിത്രോം ആപ്പ് പ്ലേസ്റ്റോറില്‍നിന്നു നീക്കം ചെയ്തു


ടിക് ടോക്കിന് പകരം ഇന്ത്യന്‍ നിര്‍മിതമായ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയെടുത്ത മിത്രോം ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്തു. 50 ലക്ഷത്തിലധികം പേരാണ് ഈ  ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. പ്ലേസ്റ്റോറില്‍നിന്നു നീക്കം ചെയ്‌തെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. 

മിത്രോം ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് ആപ്പ് നീക്കം ചെയ്തത് എന്നാണ് വിവരം. ഫോണില്‍ മിത്രോം ആപ്പ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനാവും. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പ്ലേസ്റ്റോറില്‍നിന്നുള്ള അപ്‌ഡേറ്റുകളും ലഭിക്കില്ല. 

മിത്രോം ആപ്ലിക്കേഷന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷന്‍ അല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മിത്രോം ആപ്പ് ഉടമയായ റൂര്‍ക്കീ ഐഐടി വിദ്യാര്‍ഥിയായ ഷിബങ്ക് അഗര്‍വാള്‍ ക്യുബോക്‌സസ് എന്ന പാകിസ്ഥാനി സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നിന്നും വാങ്ങിയ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് മിത്രോം ആപ്പ് ഉണ്ടാക്കിയത്. 

സോഴ്‌സ് കോഡ് ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ ക്യുബോക്‌സസ് അനുവാദം നല്‍കുന്നുണ്ടെങ്കിലും. ക്യൂബോക്‌സസ് നിര്‍മിച്ച സോഴ്‌സ് കോഡില്‍ യാതൊരു മാറ്റങ്ങളും വരുത്താതെ പുതിയ പേര് മാത്രം നല്‍കി ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷന്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയാണ് ഷിബങ്ക് അഗര്‍വാള്‍ ചെയ്തത്. 

ലാഹോറില്‍ നിര്‍മിക്കുന്ന ക്യുബോക്‌സസിന്റെ ഉടമയായ ഇര്‍ഫാന്‍ ഷെയ്ഖ് ആണ് ഇന്ത്യന്‍ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനപ്രിയമായ പല  ആപ്ലിക്കേഷനുകളുടെയും പകര്‍പ്പ് നിര്‍മിച്ചിട്ടുള്ള കമ്പനിയാണ് ക്യുബോക്‌സസ്. ടിക് ടോക്കിന്റെ പകര്‍പ്പായി ക്യുബോക്‌സസ് നിര്‍മിച്ച ടിക് ടിക് എന്ന ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡ് ആണ് ഷിബങ്ക് അഗര്‍വാള്‍ വാങ്ങിയത്.

മിത്രോം ആപ്ലിക്കേഷന്‍ ഒരു പ്രൈവസി പോളിസി ദുര്‍ബലമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും കൂടാതെ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡിന് മേല്‍ അധിക സംരക്ഷണം നല്‍കാന്‍ ഒരു ഫയര്‍വാള്‍ സംവിധാനം ഇല്ലെന്നും സൈബര്‍ സുരക്ഷാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് മിത്രോം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയരുന്നത്.

From around the web