തൊഴില്‍ദാതാക്കള്‍ക്കും അന്വേഷകര്‍ക്കും സേവനവുമായി സര്‍വീസ് ബീ മൊബൈല്‍ ആപ്പ്

 
തൊഴില്‍ദാതാക്കള്‍ക്കും അന്വേഷകര്‍ക്കും സേവനവുമായി സര്‍വീസ് ബീ മൊബൈല്‍ ആപ്പ്

ലോക്ക്ഡൗണിന്റെയും ആഘാതമുണ്ടായ തൊഴില്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യവുമായി പുതിയ ആപ്പ്. വിവിധ സേവന മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി കൊല്ലം ആസ്ഥാനമായിട്ടുളള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വിവര്‍ത സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വീസ് ബീ എന്ന ആപ്പ് ആരംഭിച്ചിട്ടുള്ളത്. 

ഗ്രാമ, നഗര പ്രദേശങ്ങളിലെ സാധാരണക്കാരെയും തൊഴിലന്വേഷകരെയും അതതു മേഖലകളിലെ വിവിധ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പാണിത്. നിശ്ചിത തൊഴിലവസരങ്ങള്‍ക്കു പുറമേ, അടിയന്തിര സേവന മേഖലകളിലും നൈപുണ്യമുള്ളവരെ ലഭ്യമാക്കാന്‍ ആപ്ലിക്കേഷന്‍ സഹായകമാണ്. 

കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്കു സര്‍വീസ് ബീ മൊബൈല്‍ ആപ് വഴി എത്തിക്കാനാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും മറ്റുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ സര്‍വീസ് ബീ മൊബൈല്‍ ആപ് പര്യാപ്തമാണെന്ന് വിവര്‍ത സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സുധീര്‍ കുമാര്‍ പറഞ്ഞു.

ബാല്‍ക്കോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണു മൊബൈല്‍ ആപ് ആരംഭിക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, യോഗ, ബ്യൂട്ടീഷന്‍ മേഖലകളിലെ തൊഴിലവസരങ്ങളും സേവനങ്ങളുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ബീ മൊബൈല്‍ ആപ് ലഭ്യമാക്കുന്നത്.  
സേവന ദാതാക്കള്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ്  മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സര്‍വീസ് ബീ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.

From around the web