ഷവോമിയുടെ റെഡ്മി നോട്ട് 10 മാര്‍ച്ച് നാലിന് അവതരിപ്പിക്കും
റെഡ്മി നോട്ട് ശ്രേണിയിലേക്ക് പുത്തന്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. റെഡ്മി നോട്ട് 10 ആണ് ഷവോമി മാര്‍ച്ച് നാലിന് അവതരിപ്പിക്കാനിരിക്കുന്നത്. പുത്തന്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്ന ദിവസം മാര്‍ച്ച് 4 തന്നെ ആയി തിരഞ്ഞെടുക്കാനുള്ള കാരണവും ഷവോമി വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 4 എഴുതുന്നത് 4/3/21 എന്നായതിനാല്‍ ഓരോ അക്കങ്ങളും കൂട്ടിനോക്കിയാല്‍ ഉത്തരം പത്ത് എന്ന് കിട്ടും. പുത്തന്‍ ശ്രേണിയില്‍ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിങ്ങനെ 2 സ്മാര്‍ട്ട്ഫോണുകള്‍ ആണ് ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നീ പതിപ്പുകളും അവതരിപ്പിക്കും.
ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന റെഡ്മി നോട്ട് 10 ഫോണിന് 120Hz എല്‍സിഡി ഡിസ്പ്ലേ ആയിരിക്കും. സ്നാപ്ഡ്രാഗണ്‍ 732G പ്രോസസ്സര്‍ ആയിരിക്കും ഏറ്റവും വിലക്കുറവുള്ള ഈ പതിപ്പില്‍ ഇടം പിടിക്കുക. 4 GB റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വില്‍പനക്കെത്തും.
3 നിറങ്ങളിലാണ് പുത്തന്‍ ഫോണുകള്‍ ലഭ്യമാവുക. അതേസമയം, അമോലെഡ് ഡിസ്പ്ലേ, 108 മെഗാപിക്‌സല്‍ പ്രധാന കാമറ, സ്നാപ്ഡ്രാഗണ്‍ 750G SoC പ്രോസസ്സര്‍ എന്നിങ്ങനെ ഫീച്ചറുകള്‍ നിറഞ്ഞതാവും റെഡ്മി നോട്ട് 10 പ്രോ.