ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റും നിരോധിക്കാനൊരുങ്ങി ട്രംപ്

 
ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റും നിരോധിക്കാനൊരുങ്ങി ട്രംപ്

ടിക്ക് ടോക്കിനു പിന്നാലെ വീചാറ്റിനെയും നിരോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. ജനപ്രിയ ഈ ചൈനീസ് സന്ദേശ കൈമാറ്റ അപ്ലിക്കേഷന്‍ അമേരിക്കയിലുടനീളമുള്ള ചൈനീസ് പ്രവാസികളിലധികവും ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതുമാത്രമല്ല ഇതിലുള്ളത്. ചൈനയിലെ വെയ്ക്‌സിന്‍ എന്ന് വിളിക്കപ്പെടുന്ന വീചാറ്റില്‍, ഒരേസമയം ഫേസ്ബുക്ക് (എഫ്ബി), ലിങ്ക്ഡ്ഇന്‍, ഊബര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 

അതു കൊണ്ടു തന്നെ നിരവധി ചൈനീസ് പൗന്മാര്‍ക്ക് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഒഴിച്ചുകൂടാനാവാത്ത ആപ്ലിക്കേഷനാണ് വീചാറ്റ്. ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ (ടിഡബ്ല്യുടിആര്‍) ഉള്‍പ്പെടെ നിരവധി അമേരിക്കന്‍ ആപ്ലിക്കേഷനുകള്‍ ചൈന തടഞ്ഞിരുന്നു. സ്വകാര്യത നയം മുന്‍നിര്‍ത്തി വീചാറ്റ് ശേഖരിക്കുന്ന ഡേറ്റകള്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നൊരു ആരോപണം ഇതിനു മറുപടിയായി അമേരിക്ക മുന്നോട്ടു വയ്ക്കുന്നു. അതു കൊണ്ടു തന്നെയാണ് വിചാറ്റ് അമേരിക്കയുടെയും പ്രത്യേകിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെയും കണ്ണിലെ കരടായി മാറുന്നത്.

ചൈനയിലെ ഏറ്റവും വലിയ ടെക് കമ്പനിയും ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് കമ്പനിയുമായ ടെന്‍സെന്‍റിന്‍റെ (ടിസിഎച്ച്‌വൈ) ഉടമസ്ഥതയിലുള്ളതാണ് വീചാറ്റ്. വീചാറ്റിന് പ്രതിമാസം 1.2 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. പക്ഷേ, ഓരോ രാജ്യവും അനുസരിച്ച് കമ്പനി ഉപയോക്തൃസംഖ്യകള്‍ വെളിപ്പെടുത്തുന്നില്ല, എന്നാല്‍ വ്യവസായ വിശകലന വിദഗ്ധര്‍ പറയുന്നത് ഭൂരിഭാഗവും ചൈനയിലാണെന്നു തന്നെയാണ്. 2011 ല്‍ ആപ്ലിക്കേഷന്‍ സൃഷ്ടിച്ചതുമുതല്‍ ചൈനീസ് സര്‍ക്കാര്‍ ഇതിനു സബ്‌സിഡി നല്‍കിവരുന്നുണ്ട്.

വീചാറ്റിന് അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചൈനയിലാണുള്ളത്. അമേരിക്കയിലായിരിക്കുമ്പോള്‍, ഒരു ക്യാബ് ബുക്ക് ചെയ്യാനും മിനി ഗെയിമുകള്‍ കളിക്കാനും 'സ്‌റ്റോറി' പോസ്റ്റ്‌ചെയ്യാനും പണം അയയ്ക്കാനും ഇതിലൂടെ കഴിയും. ചൈനയില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ പതിവായി വീചാറ്റ് പേയെ ഒരു പേയ്‌മെന്റ് ഗേറ്റ് വേയായി സ്വീകരിക്കുന്നു, ഇതിന്റെ ക്യുആര്‍ കോഡുകള്‍ ചൈനീസ് നഗരങ്ങളിലുടനീളം കാണാം. ബില്ലുകള്‍ അടയ്ക്കാനും റെസ്‌റ്റോറന്റ് മെനുകള്‍ പരിശോധിക്കാനും പ്രാദേശിക ഹാംഗ് ഔട്ടുകള്‍ കണ്ടെത്താനും ഡോക്ടറെ ബുക്ക് ചെയ്യാനും പുതിയ ബിസിനസ്സ് കോണ്‍ടാക്റ്റുകളിലേക്ക് എത്തിച്ചേരാനും പോലീസ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാനും വാര്‍ത്തകള്‍ വായിക്കാനും ബാങ്ക് സേവനങ്ങള്‍ ആക്‌സസ് ചെയ്യാനും ഇതിലൂടെ കഴിയും. സിംഗിള്‍ വിന്‍ഡോ ആപ്പായി പ്രവര്‍ത്തിക്കുന്ന വീചാറ്റ് നല്‍കുന്ന സേവനങ്ങള്‍ അമേരിക്കയില്‍ തുടരണമെങ്കില്‍ അതിന്റെ നിയന്ത്രണം അമേരിക്കന്‍ കമ്പനിക്കായിരിക്കണമെന്നാണ് ട്രംപിന്റെ വാദം.

From around the web