ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുക ടോള്‍ നല്‍കേണ്ടിവരും

കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിര്‍ബന്ധമാക്കുന്നു. മൂന്നു തവണയായി നീട്ടിനല്‍കി ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി തുക ടോള്‍ നല്‍കേണ്ടിവരും. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും പിന്നീട് ജനുവരി ഒന്നു മുതല്‍ എന്നാക്കുകയായിരുന്നു പിന്നീടത് ഫെബ്രുവരി 15ലേക്ക് നീട്ടി.
ടോള്‍പ്ലാസയില്‍ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റി ഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീന്‍ ഇലക്‌ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.
ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.
ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് ഇവയുടെ പ്രധാന നേട്ടം. അതായത് ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങുന്നു.