വെരിഫൈഡ് കോള്‍സ്; ഫോണ്‍വിളി തട്ടിപ്പുകള്‍ തടയാന്‍ ഗൂഗിളിന്‍റെ സഹായം

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി വെരിഫൈഡ് കോള്‍ എന്ന ഫീച്ചര്‍ ഫോണ്‍ ആപ്പിനൊപ്പം അവതരിപ്പിച്ച് ഗൂഗിള്‍. നിങ്ങള്‍ക്ക് വരുന്ന ബിസിനസ് കോളുകള്‍ ശരിക്കും സത്യസന്ധമായതാണോ എന്ന് ഈ ആപ്പ് സ്ഥിരീകരിക്കും. ഫോണ്‍ വഴി വരുന്ന ബിസിനസ് കോളുകള്‍ വഴി തട്ടിപ്പുകള്‍ കൂടിവരുന്നതിനിടെ അതിന് തടയിടാന്‍ കൂടിയാണ് ഗൂഗിളിന്‍റെ ശ്രമം.
ആരാണ് വിളിക്കുന്നത്, എന്താണ് കോള്‍ ചെയ്യുന്നവരുടെ ബിസിനസ് തുടങ്ങിയ കാര്യങ്ങള്‍ ആപ്പ് കാണിച്ചുതരും എന്നാണ് ഗൂഗിളിന്‍റെ ബ്ലോഗ് പോസ്റ്റ് പറയുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യ, മെക്സിക്കോ, ബ്രസീല്‍, സ്പെയിന്‍, യുഎസ് എന്നിവിടങ്ങളില്‍ ഈ ആപ്പ് ലഭിക്കും.
2019 ലെ എഫ്ടിസി റിപ്പോര്‍ട്ട് പ്രകാരം ഫോണ്‍ കോള്‍ തട്ടിപ്പുകള്‍ വഴി ഒരു കോളിന് ശരാശരി 1000 ഡോളര്‍വരെ നഷ്ടപ്പെടുന്നുണ്ടെന്നാണ്. വെരിഫൈഡ് കോളുകള്‍ ഇനി അടുത്തിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫോണ്‍ആപ്പില്‍ ഈ ഫീച്ചര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭിക്കുകയും ചെയ്യും.
ഈ ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ ഒരു കോള്‍ വന്നാല്‍ അത് വെരിഫൈഡ് കോളാണോ എന്ന് ടിക്ക് ചെയ്ത് കാണിക്കും. ഇതിലൂടെ കോളിന്‍റെ ആധികാരികത വിലയിരുത്തി നിങ്ങള്‍ക്ക് ഫോണ്‍ എടുക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാം.