സുക്കർബർഗിന്റെ ട്രംപ് അനുകൂല നിലപാട് : ’വെർച്വൽ വാക്ക് ഔട്ട്’ നടത്തി ഫേസ്ബുക്ക് ജീവനക്കാർ

വാഷിംഗ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല പോസ്റ്റുകൾ സംബന്ധിച്ച കമ്പനിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാർ തിങ്കളാഴ്ച ’വെർച്വൽ വാക്ക് ഔട്ട്’ നടത്തി. ഫേസ്ബുക്കിൽ നിന്ന് വിട്ടു നിന്ന ജീവനക്കാർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ട്വിറ്റർ അക്കൗണ്ടുകൾ ആണ് ഉപയോഗിച്ചത്.
ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകൾ തടസമില്ലാതെ പ്രസിദ്ധീകരിക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ജോലികളിൽ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്. നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം.
അമേരിക്കയിൽ പൊലീസ് കറുത്ത വർഗക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. എന്നാൽ ഇതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിരവധി കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പക്ഷേ, ഫേസ്ബുക്ക് ഒഴികെയുള്ള മാധ്യമങ്ങൾ ചില നിയന്ത്രണങ്ങൾ നടത്തുകയുണ്ടായി.
നേരത്തെ സൈനിക നടപടിയെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റുകൾക്ക് ട്വിറ്റർ വാർണിംഗ് ലേബൽ നിൽകിയിരുന്നു. ട്രംപും ട്വിറ്റർ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ചില ട്വീറ്റുകൾ തങ്ങളുടെ നയങ്ങൾക്ക് എതിരാണെന്നും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആണ് ട്വിറ്റർ അധികൃതർ ഇതേക്കുറിച്ച് വിശദീകരിച്ചത്.
എന്നാൽ ട്രംപിന്റെ പോസ്റ്റുകൾ ഫേസ്ബുക്കിന്റെ നയങ്ങളൊന്നും ലംഘിക്കുന്നില്ല, കൂടാതെ സൈനിക നടപടിയെക്കുറിച്ച് ഫേസ്ബുക്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കയും വേണമെന്നാണ് സക്കർബർഗിന്റെ വിശദീകരണം. പ്രസിഡന്റിന്റെ പ്രതികരണത്തിൽ തനിക്കും എതിർപ്പാണെന്നും എന്നാൽ അധികാര സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്തം എത്രത്തോളമെന്ന് അവരുടെ പ്രസ്താവനകൾ തുറന്ന് കാണിക്കുമ്പോഴാണ് തിരിച്ചറിയപ്പെടുകയെന്നും, ആളുകൾ ഇക്കാര്യം മനസിലാക്കണമെന്നുമാണ് ഫേസ്ബുക്ക് മേധാവി പറഞ്ഞത്.